തിരുവനന്തപുരം അമ്പലമുക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനായ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കന്യാകുമാരി സ്വദേശി രാജേഷാണ് പിടിയിലായതെന്നാണ് സൂചന. നേരത്തെ പ്രതിയുടെ രേഖാചിത്രവും പിന്നീട് സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു.
ഞായറാഴ്ചയാണ് അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തില്‍ നെടുമങ്ങാട് സ്വദേശിനി വിനീത കൊല്ലപ്പെടുന്നത്. ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന് ശേഷം സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പ്രാഥമിക വിവരം.
വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി സുനിതയാണ് അന്വേഷിക്കാനെത്തിയത്. ഇവരാണ് വിനീതയെ മരിച്ചനിലയില്‍ കണ്ടത്. പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ചായിരുന്നു പേരൂര്‍ക്കട പൊലീസിന്റെ അന്വേഷണം. വിനീതയുടെ ആഭരണം കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
Tags:
Latest News
