കണ്ണൂരില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. തോട്ടടയിലെ വിവാഹ വീടിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
വിവാഹ വീട്ടിലേയ്ക്ക് പോകുംവഴി ഒരു സംഘം ജിഷ്ണുവിനും സംഘത്തിനും നേരെ ബോംബെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി വിവാഹ വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
ഇതിനിടെ സംഭവസ്ഥലത്ത് കോണ്‍ഗ്രസ്-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയരീതിയില്‍ സംഘര്‍ഷമുണ്ടായി.
Tags:
Latest News
