ബാലുശ്ശേരി: നന്മണ്ട 12-ൽ വീട്ടുകാർക്കുനേരെ വെടിയുതിർത്ത യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മഠത്തിൽ താഴെ വിൽസനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ച ചെറുവാടി സ്വദേശി അബ്ദുൾ റഹിമാൻ ഷാഫി, കൊടിയത്തൂർ സ്വദേശി മുനീർ എന്നിവരെയാണ് ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വിൽസന് പണം കടം നൽകിയ ബാലുശ്ശേരി സ്വദേശിയുടെ സഹായികളാണ് ശനിയാഴ്ച വീട്ടിലെത്തി വെടിവെച്ചതെന്ന് ബാലുശ്ശേരി പോലീസ് വ്യക്തമാക്കി.
ജപ്തിനടപടി നേരിട്ടതിനെത്തുടർന്ന് വീട്ടുസാധനങ്ങൾ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് തോക്കുമായെത്തിയ സംഘം വിൽസനുനേരെ വെടിയുതിർത്തത്. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. ഭാര്യയും രണ്ട് മക്കളും സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.
പത്തുവർഷംമുമ്പ് വിൽസൺ വീട് പണയപ്പെടുത്തി ബാലുശ്ശേരി പനായി സ്വദേശിയിൽനിന്ന് 50 ലക്ഷംരൂപ വാങ്ങിയിരുന്നു. പലിശയടക്കം 87 ലക്ഷം രൂപ മടക്കിക്കൊടുത്തെങ്കിലും കടംവീട്ടിയില്ലെന്ന് കാണിച്ച് ഇയാൾ കേസിന് പോകുകയും അതിൽ ജപ്തിനടപടിയുണ്ടായെന്നുമാണ് വിൽസൺ പറയുന്നത്. ബാധ്യതകൾ തീർത്ത സ്ഥിതിക്ക് പണയപ്പെടുത്തിയ വീട് തിരിച്ചേൽപ്പിക്കുന്നതിനുപകരം വീട് കൈക്കലാക്കുകയാണ് പണം കടം കൊടുത്തയാൾ ചെയ്തതെന്നും വിൽസൺ ആരോപിക്കുന്നു. ബാലുശ്ശേരി സി.ഐ.യുടെ നേതൃത്വത്തിലുളള സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Tags:
Latest News
