Trending

വിട്ടുനിന്ന് ഇന്ത്യയും ചൈനയും യുഎഇയും; യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് റഷ്യ


യുക്രൈന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. 15 അംഗങ്ങളില്‍ 11 പേരും പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയ്ക്ക് പുറമെ ചൈനയും യുഎഇയുമാണ് വെട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ വന്‍ വിമര്‍ശനമാണ് യുഎസ് അംബാസിഡര്‍ റഷ്യയ്‌ക്കെതിരെ നടത്തിയത്.

പ്രമേയം പരാജയപ്പെട്ട സാഹചര്യത്തില്‍ 193 അംഗ ജനറല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. പ്രമേയത്തെ വീറ്റോ ചെയ്യാമെങ്കിലും ഞങ്ങളുടെ ശബ്ദത്തേയും സത്യത്തേയും തത്വങ്ങളേയും യുക്രൈനിയന്‍ ജനതയെ തന്നെയും വീറ്റോ ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ അമേരിക്കന്‍ പ്രതിനിധിയുടെ പ്രതികരണം. റഷ്യ ഒറ്റപ്പെട്ടുവെന്നതില്‍ യാതൊരു സംശയമില്ലെന്നും അവരുടെ യുക്രൈന്‍ അധിനിവേശത്തിന് ആരുടേയും പിന്തുണയില്ലെന്നും ബ്രിട്ടന്റെ പ്രതിനിധി വ്യക്തമാക്കി.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പരിധികള്‍ ഇല്ലാത്ത പങ്കാളിത്തത്തിന് ചൈനയും റഷ്യയും ധാരണയില്‍ എത്തിയതിന്റെ തുടര്‍ച്ചയാണ് വോട്ടെടുപ്പില്‍ ചൈനയുടെ വിട്ടുനില്‍ക്കുന്നതില്‍ പ്രകടമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തായ്‌വാനില്‍ ചൈനയുടെ കടന്നുകയറ്റത്തെ റഷ്യ പിന്തുണയ്ക്കുന്നുണ്ടെന്നും അതിനാല്‍ യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തെ ചൈന പിന്തുണയ്ക്കുകയാണെന്നും വിദഗ്ദര്‍ സൂചിപ്പിക്കുന്നു.

വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനില്‍ക്കുന്നതോടെ പ്രമേയം പരാജയപ്പെടാനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് വൈകി. യുക്രൈനിനെതിരെയുള്ള ബലപ്രയോഗം റഷ്യ ഉടനടി അവസാനിപ്പിക്കണമെന്നും അവരുടെ ഭൂപ്രദേശത്തുനിന്നും ഉപാധികള്‍ ഇല്ലാതെ സൈന്യത്തെ റഷ്യ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിക്കാനുള്ള റഷ്യന്‍ തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുണ്ടായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post