നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാൻ വിസമ്മതിച്ചതിന് പിന്നിൽ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം. കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട് വാക്കാൽ പറഞ്ഞാൽ മതിയായിരുന്ന വിയോജനങ്ങൾ കത്തായി പുറത്തുവിട്ടത് ഗവർണറെ ചൊടിപ്പിച്ചു. കത്തിൽ പറഞ്ഞ വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടിയതോടെ സർക്കാർ തന്നെ അപമാനിച്ചുവെന്ന നിലപാടിലേക്ക് ഗവർണർ എത്തിച്ചേർന്നു.
ഇതോടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് വാശിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കർത്തയുടെ നിയമനത്തിൽ ഫയൽ എഴുതിയ പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതി ലാലിനെ മാറ്റണമെന്ന് നിലപാടിൽ ഉറച്ചുനിന്നു. നിയമസഭാ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ പിണറായി നേരിട്ടെത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങിയില്ല. കഴിഞ്ഞ ദിവസം സമാന ശ്രമങ്ങളുമായി സ്പീക്കർ എംബി രാജേഷും ഗവർണറെ കണ്ടിരുന്നു.
എന്നാൽ കെആർ ജ്യോതിലാലിനെ മാറ്റാതെ പിന്മാറില്ലെന്ന് ഗവർണറുടെ വാശി അംഗീകരിക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റു മാർഗങ്ങളില്ലാതായി. നയ പ്രഖ്യാപനം വായിക്കാതെ ഗവർണർ വാശി തുടർന്നാൽ ഭരണഘടനാ പ്രതിസന്ധി രൂപപ്പെടും ഇതൊഴിവാക്കാനാണ് സർക്കാർ രാജ്ഭവനുമായി അനുനയത്തിലേക്ക് എത്തിച്ചേർന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകാനുള്ള തീരുമാനത്തിനെതിരെയും ഗവർണർ നിലപാടെടുത്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നോട്ടുപോയി.
ഗവർണർ അനുനയത്തിലേക്ക് എത്തില്ലെന്ന് വ്യക്തമായതോടെ കെആർ ജ്യോതിലാലിനെ പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. ജ്യോതിലാലിന് പകരം ശാരദാ മുരളീധരന് താൽക്കാലിക ചുമതല നൽകിയതോടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ട ഗവർണർ പ്രശ്നങ്ങൾ അവസാനിപ്പിച്ചു.
Tags:
Latest News
