Trending

കുർമ്പാച്ചി മലയിൽ കയറിയത് പ്രദേശവാസി; വനംവകുപ്പ് രക്ഷപെടുത്തി, അതിക്രമിച്ച് മല കയറുന്നവർക്കെതിരെ കേസ് എടുക്കാത്തത് മറ്റുള്ളവർക്കും മലകയറാൻ പ്രേരണയാവുന്നു.


പാലക്കാട്: കുർമ്പാച്ചിമലയിൽ വീണ്ടും ആളുകൾ കയറിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണൻ എന്നയാളാണ് കുർമ്പാച്ചി മല കയറിയത്. വനംവകുപ്പ്  നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളിൽ നിന്നും മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തുടർച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് വനം വകുപ്പ് ജീവനക്കാർ ഈ മേഖലയിലേക്ക് പോകുകയും തെരച്ചിൽ നടത്തുകയുമായിരുന്നു. കുറുമ്പാച്ചി മലയിൽ കഴിഞ്ഞ ദിവസം ബാബു കയറിയ അതേ സ്ഥലത്താണ് വീണ്ടും ആളെ കണ്ടെത്തിയത്. രണ്ടോ അതിലധികമോ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാളെ മാത്രമാണ് കണ്ടെത്താനായത്.

മലയിൽ നിന്നും ലൈറ്റ് അടിയ്ക്കുന്നത് കണ്ടാണ് മലയിൽ ആളുകളുടെ സാന്നിധ്യമുണ്ടെന്ന മനസ്സിലായത്. മലയിടുക്കിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിനെയും കുറുമ്പാച്ചി മലയും കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. മല കയറിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് 43 മണിക്കൂറിലധികമായി മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യവും മറ്റും ചേർന്ന് സാഹസികമായി രക്ഷപെടുത്തിയത്. ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിച്ച രക്ഷാപ്രവർത്തന൦ 40 മിനിറ്റ് ദൈർഘ്യമെടുത്താണ് പൂർത്തിയായത്.

മലമുകളിലെത്തിച്ച ബാബുവിനെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് BEML - ലെ ഹെലിപ്പാഡിൽ ഇറക്കി അവിടുന്ന് റോഡ് മാർഗം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു. 43 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ കൊടുചൂടിയും തണുപ്പിലുമാണ് ബാബു മലമുകളിൽ കഴിച്ചുകൂട്ടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post