യുദ്ധഭൂമിയായ യുക്രൈനിൽനിന്ന് രക്ഷപ്പെടാൻ പോളണ്ട് അതിർത്തിയിലെത്തിയ ഇന്ത്യൻ വിദ്യാർഥികളിലൊരാളായ തൃശ്ശൂർ മുളയം എടത്തറ വീട്ടിൽ ദേവകുമാറിന്റെയും ഫിനയുടെയും മകൾ ദേവികയാണ് ഇന്ത്യൻ വിദ്യാർഥികളുടെ ദുരിതം വിവരിച്ചത്.
പോളണ്ട് അതിർത്തിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെയാണ് ദേവികയുൾപ്പെടെയുള്ള അമ്പതിലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴുള്ളത്. പോളണ്ട് അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ ദൂരമുള്ള ലിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് ദേവിക. യുക്രൈനിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയതിനെത്തുടർന്ന് എംബസി അധികാരികളാണ് ഇവരോട് പോളണ്ട് അതിർത്തിയിലെത്താൻ നിർദേശിച്ചത്.
വെള്ളിയാഴ്ച രാവിലെ ലിവ് നഗരത്തിൽനിന്ന് പോളണ്ട് അതിർത്തിയിലേക്ക് യാത്രതിരിക്കുന്നതിനിടെ നാട്ടുകാരായ യുക്രൈൻ സ്വദേശികൾക്ക് തോക്കുകൾ വിതരണം ചെയ്യുന്ന ഭയപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ലിവീവ് നഗരവും യുദ്ധഭീഷണി നേരിടുന്നുണ്ടെന്ന് അപ്പോൾ മനസ്സിലായി.
പോളണ്ട് അതിർത്തിയിലേക്ക് പോകാനുള്ള ബസിൽ തിരക്കുകാരണം കയറിപ്പറ്റാനായില്ല. തുടർന്ന് ബോർട്ട് ടാക്സി പിടിച്ചാണ് യാത്രതുടർന്നത്.
പോളണ്ട് അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ ദൂരെ വണ്ടി നിർത്തി. നടന്നാണ് അതിർത്തിയിലെത്തിയത്. അവിടെ പോളണ്ടിലേക്ക് കടക്കാനുള്ളവരുടെ വലിയ തിരക്ക്. യുക്രൈൻ സ്വദേശികളും പലായനം ചെയ്യാൻ അതിർത്തിയിലെത്തിയതാണ് തിരക്കിനു കാരണമെന്ന് ദേവിക പറയുന്നു.
കടപ്പാട്: മാതൃഭൂമി.
