താമരശ്ശേരി: റവന്യൂ ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസർ കെ.പി അബ്ദുൽ ഗഫൂറിന് ലഭിച്ച പുരസ്കാരം അർഹതക്കുള്ള അംഗീകാരമായി.
കോഴിക്കോട് ജില്ലയിലെ റവന്യു വകുപ്പിലെ മികച്ച ഉദ്യോഗസ്ഥരായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരിൽ ഒരാൾ അബ്ദുൽ ഗഫൂറാണ്, അതേ പോലെ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസുകളായി തിരഞ്ഞെടുത്തതിൽ ഒന്നും രാരോത്ത് വില്ലേജ് ഓഫീസാണ്.
രാരോത്ത് വില്ലേജ് ഓഫീസിൽ മുൻപും പല വില്ലേജ് ഓഫീസർമാർ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് കെ.പി അബ്ദുൽ ഗഫൂർ.
തൻ്റെ ജോലി സമയത്തിന് ശേഷവും, അവധി ദിനങ്ങളിലും, എന്തിനേറെ പറയുന്നു അസുഖമായി കിടന്ന സമയത്ത് പോലും ഓഫീസിൽ ലഭിച്ച വിവിധ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാനാണ് ഏറെ നേരവും വിനിയോഗിച്ചത്.
തൻ്റെ മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾ തൽസമയം പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ ആളെ മാറ്റരു ദിവസം വരാൻ പറഞ്ഞ് മടക്കി അയക്കാതെ അവിടെ വെച്ചു തന്നെ പരിഹാരം കാണുന്ന രീതിയാണ് അദ്ദേഹം പിൻതുടരുന്നത്.
ഇനി അക്ഷയ സെൻ്റർ മുഖാന്തിരമോ മറ്റോ വില്ലേജ് ഓഫീസിൽ എത്തിയ അപേക്ഷയുടെ സ്ഥിതി എന്തായി എന്ന് ഒരു ഫോൺ ചെയ്താൽ ചോദിച്ചാൽ പോലും കൃത്യമായി മറുപടി നൽകാൻ ഒരു മടിയും കാണിക്കാറില്ല.
ഇനി നേരിൽ പോയി എന്തെങ്കിലും സംശയയങ്ങളോ, ഫയലുകളുടെ സ്ഥിതിയോ അന്വേഷിച്ചാലും കൃത്യമായ വിവരം ലഭിക്കും.
യാതൊരു വിധ അഴിമതി കറകളും കൈയിൽ പുരളാത്ത അബ്ദുൽ ഗഫൂർ എന്തുകൊണ്ടും പുരസ്കാരത്തിന് അർഹൻ തന്നെയാണ്.
രാരോത്ത് വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ മുഖ്യപങ്ക് വഹിച്ചതും അദ്ദേഹമാണ്.
വില്ലേജ് ഓഫീസിലെ പ്രിൻ്റർ തകരാറിലാവുകയും,ലോക്ക് ഡൗൺ കാരണം കടകൾ അടഞ്ഞുകിടക്കുകയും ചെയ്ത അവസരത്തിൽ തൻ്റെ വീട്ടിൽ നിന്നും രേഖകളുടെ പ്രിൻറ് എടുത്ത് അപേക്ഷകർക്ക് നൽകുന്നതിന് പോലും യാതൊരു മടിയും അദ്ദേഹം കാണിച്ചിട്ടില്ലായിരുന്നു.
കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ സ്തുത്യർഹമായ സേവനമായിരുന്നു ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലക്ക് കാഴ്ചവെച്ചത്.
അങ്ങിനെ എല്ലാ നിലക്കും ജനകീയനായ രാരോത്ത് വില്ലേജ് ഓഫീസർക്കും, ഓഫീസിനും ലഭിച്ച അംഗീകരം മറ്റുള്ളവർക്കും പ്രചോദനമാവട്ടെ.
