Trending

കുടുംബത്തിന്റെ മരണം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, വിഷവാതകം ഉൽപാദിപ്പിച്ചത് വിവിധ മൂലകങ്ങൾ ചേർത്ത്


കൊടുങ്ങല്ലൂർ (തൃശൂർ): കുടുംബത്തിലെ നാലുപേർ വീടിന്‍റെ കിടപ്പുമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി.

 കൊടുങ്ങല്ലൂർ നഗരത്തിനോട് ചേർന്ന ഉഴുവത്ത് കടവിലാണ് നാടിനെ നടുക്കിയ സംഭവം.
പൊതുമരാമത്ത് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ പരേതനായ കാടാംപറമ്പത്ത് ഉബൈദിന്‍റെ മകൻ ആസിഫ് (41), ആസിഫിന്‍റെ ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (13), അനെയ്നുന്നിസ (ഏഴ്​) എന്നിവരാണ് മരിച്ചത്.

റോഡിനോട് ചേർന്ന ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് നാലുപേരുടെയും മൃതദേഹം കിടന്നിരുന്നത്. സോഫ്റ്റ്​വെയർ എൻജിനീയറായ ആസിഫ് കിടപ്പുമുറിയോട് ചേർന്നുതന്നെ ഓഫിസ് സംവിധാനമൊരുക്കി വിദേശ ഐ.ടി കമ്പനിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവരുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. താഴത്തെ നിലയിൽ മാതാവ് ഫാത്തിമയും സഹോദരി ഷിഫയും അവരുടെ മക്കളുമാണ് താമസിച്ചിരുന്നത്.

രാവിലെ 10​ കഴിഞ്ഞിട്ടും ആസിഫിന്‍റെ കുടുംബാംഗങ്ങളിലാരും പുറത്തിറങ്ങാതായതോടെ താഴെയുണ്ടായിരുന്ന സഹോദരി പറവൂരുള്ള മറ്റൊരു സഹോദരനെയും അയൽവാസികളെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജനവാതിലുകൾ പൊളിച്ച് നോക്കിയപ്പോഴാണ് നാലുപേരും മരിച്ചുകിടക്കുന്നത് കണ്ടത്.

കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് അനുമാനം. വിവിധ മൂലകങ്ങൾ ചേർത്ത് വിഷവാതകം ഉൽപാദിപ്പിച്ചതെന്ന് കരുതുന്ന പാത്രം വാതിലിന്​ സമീപമുണ്ടായിരുന്നു. എ.സി പ്രവർത്തിപ്പിക്കുകയും മുറിയുടെ എല്ലാ എയർ ഹോളുകളും ടാപ് ഒട്ടിച്ച് സീൽ ചെയ്യുകയും ചെയ്തിരുന്നു.

ശാന്തസ്വഭാവക്കാരനായ ആസിഫ് വീടിന് പുറത്ത് സഹവാസം വളരെ കുറവായിരുന്നു. നേരത്തേ സാമ്പത്തികമായി മികച്ച നിലയിലായിരുന്നു കുടുംബം. ആത്മഹത്യക്കുറിപ്പിൽ സാമ്പത്തിക ബാധ്യതയെക്കുറിച്ചും മുറിയിലെ വിഷവാതകത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉള്ളതായി പൊലീസ് സൂചിപ്പിച്ചു.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്​റേ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, സ്​പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ധരും സയന്‍റിഫിക്​ ടീമും പരിശോധന നടത്തി. ഇൻക്വസ്റ്റിന്​ ശേഷം ഞായറാഴ്ച വൈകീട്ടോടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

മരിച്ച കുട്ടികൾ രണ്ടുപേരും മാള രാജു ഡേവീസ് ഇന്‍റർനാഷനൽ സ്കൂൾ വിദ്യാർഥികളാണ്. ആസിഫിന്‍റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അനസ്, ഷിഫ, ഷിബി. എറണാകുളം പള്ളിക്കര പെരിങ്ങാല കാരുകുന്നത്ത് കാസിമിന്‍റെയും സാജിദയുടെയും മകളാണ് അബീറ. സഹോദരങ്ങൾ: ആദിൽ, അഫ്​ലഹ്, അമീറ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post