Trending

മലമ്പുഴയിൽ കാട്ടുപന്നിയുടെ ഇറച്ചിയുമായി 4 പേർ പിടിയിൽ; ഒരാൾ ഒളിവിൽ


കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലംഗ സംഘത്തെ പാലക്കാട് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഇറച്ചി കൈമാറിയ പുതുനഗരം സ്വദേശി ഒളിവിലാണ്. പുതുനഗരം മേഖലയില്‍ നിന്ന് വേട്ടയാടിക്കിട്ടിയ ഇറച്ചി മലമ്പുഴയിലെ വ്യാപാരിക്ക് കൈമാറാന്‍ കൊണ്ടുവന്നതെന്നാണ് വിവരം

കൊട്ടേക്കാട് കാളിപ്പാറയിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. യാത്രാ ലക്ഷ്യത്തെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് യുവാക്കള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചു. വേഗത്തില്‍ വാഹനമോടിച്ച് നീങ്ങാനും ശ്രമമുണ്ടായി. വിശദമായ പരിശോധനയിലാണ് വാഹനത്തിന്റെ പിന്നില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോയിലധികം കാട്ടുപന്നി ഇറച്ചി കണ്ടെത്തിയത്. മലമ്പുഴ സ്വദേശികളായ കൃഷ്ണകുമാർ, പരമേശ്വരൻ, കൊടക്കാട് സ്വദേശി മുകേഷ്, പാലക്കാട് മണലി സ്വദേശി സനിത്ത് എന്നിവര്‍ പിടിയിലായി. പുതുനഗരം കരിപ്പോട് സ്വദേശിയാണ് ഇവർക്ക് കാട്ടുപന്നി ഇറച്ചി കൈമാറിയതെന്നാണ് മൊഴി. പന്നിവേട്ടയുണ്ടായ സ്ഥലം, കൈമാറിയ വ്യക്തിയുടെ പശ്ചാത്തലം എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇറച്ചി മലമ്പുഴയിലെ പ്രമുഖ വ്യവസായിക്കായി കൊണ്ടുവന്നതാണെന്ന സൂചന പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ മുകേഷ് സമാനമായ അഞ്ച് കേസുകളില്‍ പ്രതിയെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായവരെയും പിടികൂടിയ ഇറച്ചിയും വനംവകുപ്പിന് കൈമാറി. സംഘത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും വനംവകുപ്പ് അന്വേഷിക്കും. പിടിയിലായവര്‍ സഞ്ചരിച്ചിരുന്ന വാഹനം രാത്രിയില്‍ മലമ്പുഴയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് വ്യത്യസ്ത ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരവും പരിശോധിക്കും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post