Trending

വിവാഹവാഗ്ദാനം നല്‍കി 23 ലക്ഷം തട്ടി; 51കാരി `ഡോക്ടറെ` പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി




തിരുവനന്തപുരം : പ്രമുഖ വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിക്ക് വിവാഹവാഗ്ദാനം നൽകി 22.75 ലക്ഷം രൂപ തട്ടിയെടുത്തു. വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാൻ പണം കെട്ടിവയ്ക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിവാഹമോചിതയായ 51-കാരിക്കാണ് സമ്പാദ്യം മുഴുവൻ നഷ്ടമായത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2021 ജനുവരിയിലാണ് പരാതിക്കാരി വൈവാഹിക പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോർദാനിലെ ഉൾനാട്ടിൽ ജോലിചെയ്യുന്നു എന്നു പരിചയപ്പെടുത്തിയയാളാണ് വിവാഹം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയത്. ഫോണിൽ സംസാരിക്കാൻ പറ്റില്ലെന്നു വിശ്വസിപ്പിച്ച ശേഷം വാട്സാപ്പ് സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇവരെ നേരിൽക്കാണാനായി ഇന്ത്യയിലേക്കു വരുന്നുവെന്ന് നവംബറിൽ അറിയിച്ചു.

ഇതിനു ശേഷമാണ് ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കിൽ വലിയ തുക കെട്ടിവയ്ക്കേണ്ടിവരുമെന്നും സന്ദേശമയച്ചത്.പരാതിക്കാരിക്കു നൽകാൻ സ്വർണാഭരണങ്ങൾ കൊണ്ടുവന്നതാണ് പ്രശ്നമെന്നുമറിയിച്ചു.വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയും പരാതിക്കാരിയെ വിളിച്ച് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവർ പണം കൈമാറിയത്.

കസ്റ്റംസ് ഫീ, ഡെസ്പാച്ച് ഫീ, ഇൻസ്റ്റലേഷൻ ഫീ, നോട്ടറിക്കുള്ള ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ആവശ്യങ്ങൾക്കെന്നു പറഞ്ഞാണ് പണം വാങ്ങിയത്. നാലുപേരുടെ പേരിലുള്ള നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഇതിനു ശേഷം പിന്നീടും പണം ആവശ്യപ്പെട്ടുതുടങ്ങിയതോടെയാണ് കബളിക്കപ്പെട്ടുവെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചു.

പ്രതികളുപയോഗിച്ച ഫോണുകൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതലും ഇന്റർനെറ്റ് കോളുകളായിരുന്നുവെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു. പണം കൈമാറിയ ഒരു അക്കൗണ്ട് ബെംഗളൂരുവിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post