സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. ചൊവ്വാഴ്ച ചേര്‍ന്ന കിഫ്ബി ഫുള്‍ ബോഡി യോഗമാണ് ധനാനുമതി നല്‍കിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പിന്നീട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് വിലയിരുത്തിയത്.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന തുരങ്കപാത സാധ്യമായാല്‍ താമരശേരി ചുരം കയറാതെ തിരുവമ്പാടി ഭാഗത്തുള്ളവർക്ക് കേവലം എട്ട് കിലോമീറ്റര്‍ ദൂരമുളള പാതയിലൂടെ വയനാട്ടിലെത്താന്‍ കഴിയും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ സ്വര്‍ഗ്ഗം കുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കളളാടിയില്‍ എത്തുന്നതാണ് തുരങ്കപാത.
Tags:
Latest News
