തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം 167 സീറ്റുകള്‍ സ്വന്തമാക്കി. ഇന്ന് വൈകിട്ട് 6.30 വരെയുള്ള ഫലപ്രഖ്യാപനത്തിലാണ് സിപിഐഎം 167 സീറ്റുകള്‍ നേടിയതായി സ്ഥിരീകരിച്ചത്.
21 കോര്‍പ്പറേഷനിലെ 25 വാര്‍ഡും നഗരസഭകളില്‍ 41 വാര്‍ഡും നഗര റൂറല്‍ പഞ്ചായത്തുകളിലെ 101 വാര്‍ഡുകളുമാണ് സിപിഐഎമ്മിന് ലഭിച്ചത്. കോവില്‍പട്ടി നഗരസഭയില്‍ സിപിഐഎമ്മാണ് ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ട്ടി. ഇനി തിരുപ്പൂര്‍, മധുര കോര്‍പ്പറേഷനുകളില്‍ ചില സീറ്റുകളുടെ ഫലങ്ങള്‍ പുറത്തുവരാനുണ്ട്.
ചെന്നൈ, മധുര, കോയമ്പത്തൂര്‍ കോര്‍പ്പറേഷനുകളിലായി നാലു വീതം സീറ്റ് സിപിഐഎമ്മിന് ലഭിച്ചു. ദിണ്ഡിക്കലില്‍ മൂന്നു സീറ്റും സേലം, കുംഭകോണം, ഈറോഡ്, തിരുപ്പൂര്‍, കരൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപള്ളി കോര്‍പ്പറേഷനുകളില്‍ ഓരോ സീറ്റുകള്‍ വീതവും ലഭിച്ചു.
കന്യാകുമാരി ജില്ലയിലെ നഗരസഭകളില്‍ 15 വാര്‍ഡും റൂറല്‍ പഞ്ചായത്തുകളില്‍ 51 വാര്‍ഡും സിപിഐഎം നേടി. ഇവിടെ മുന്നണിയില്ലാതെയാണ് സിപിഐഎം മത്സരിച്ചത്. കൊല്ലങ്കോട് നഗരസഭയിലെ ഒമ്പതു വാര്‍ഡുകളും കുഴിത്തുറൈ നഗരസഭയില്‍ അഞ്ചു സീറ്റുകളും സിപിഐഎമ്മിന് ലഭിച്ചു.
തകര്‍ന്നടിഞ്ഞ് എഐഎഡിഎംകെ
തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് എഐഎഡിഎംകെ. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലും മധുരൈ കോര്‍പ്പറേഷനിലും ചെന്നൈ കോര്‍പ്പറേഷനിലുമടക്കം എല്ലാ പ്രധാന തദ്ദേശസ്ഥാപനങ്ങളിലും ഡിഎംകെ ഭരണം ഉറപ്പാക്കിക്കഴിഞ്ഞു. എഐഎഡിഎംകെയുടെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ഇടങ്ങളും ഡിഎംകെ പിടിച്ചെടുത്തതില്‍പ്പെടും. മുതിര്‍ന്ന നേതാക്കളായ ഒ പനീര്‍ശല്‍വത്തിന്റേയും എടപ്പാടി പളനി സ്വാമിയുടേയും വാര്‍ഡുകളില്‍ പോലും വിജയിക്കാന്‍ എഐഎഡിഎംകെയ്ക്കായില്ല.
എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള അംഗീകാരമായാണ് ഡിഎംകെ വിജയത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെ ശക്തിമേഖലകള്‍ കേന്ദ്രീകരിച്ച് ഡിഎംകെ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
Tags:
Latest News
