യുക്രൈനെതിരെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ ഉത്തരവിട്ടതിന്റെ പ്രതിഫലം രാജ്യാന്തര വിപണിയിലും. യുദ്ധ ഭീതിക്ക് പിന്നാലെ തന്നെ ഉയരുന്ന പ്രവണത കാണിച്ചിരുന്ന അസംസ്‌കൃത ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. 2014 ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്രയും ഉയരുന്നത്.ആഗോള തലത്തില്‍ ഏറ്റവും വലിയ എണ്ണ ഉത്പാദന രാഷ്ട്രമാണ് റഷ്യ. യൂറോപ്പിന്റെ വന്‍ റിഫൈനറികള്‍ക്ക് ഏണ്ണ വിതരണം ഭൂരിഭാഗവും നടക്കുന്നതും റഷ്യയില്‍ നിന്നാണ്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതകങ്ങളുടെ 35 ശതമാനവും റഷ്യയാണ് വിതരണം ചെയ്യുന്നത്. യുക്രൈന്‍ വിഷയത്തില്‍ റഷ്യന്‍ നിലപാട് യുറോപിലെ എണ്ണ വിപണിയെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തെ വിപണിയിലെ ഉയര്‍ച്ചയ്ക്ക് കാരണമായത്.
ആഗോള ഓഹരി വിപണയിലും റഷ്യന്‍ നീക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. ബിഎസ്ഇ സെന്‍സെക്സ് 1,428.34 പോയിന്റ് താഴ്ന്ന് 55,803.72ലും നിഫ്റ്റി 413.35 പോയിന്റ് താഴ്ന്ന് 16,647.00ലും എത്തി. ബിഎസ്ഇയിലെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എന്‍എസ്ഇ) ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 68.62 പോയിന്റ് (0.12 ശതമാനം) ഇടിഞ്ഞ് 57,232.06 ലും നിഫ്റ്റി 50 28.95 പോയിന്റ് (0.17 ശതമാനം) ഇടിഞ്ഞ് 17,063.25 ലും അവസാനിച്ചു.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് യുക്രൈനെതിരെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ ഉത്തരവിട്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. യുക്രൈനിലെ ദോന്‍ബാസ് മേഖലയിലേക്കാണ് സൈനിക നടപടികള്‍ക്ക് പുടിന്‍ ഉത്തരവിട്ടിരിക്കുന്നത്. യുക്രൈന്‍ ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ യുക്രൈനായിരിക്കും അതിനുത്തരാവാദിയെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. നീക്കത്തിനെതിരെ ഇടപെടുന്നവര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും പുടിന്‍ വ്യക്തമാക്കി
യുക്രൈനിലെ ദോൻബാസ് മേഖലയിൽ സൈനിക നീക്കങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ഉത്തരവിട്ടതിനു പിന്നാലെ യുദ്ധത്തിലേക്കുള്ള സാധ്യതകൾ അടുക്കുന്നു. പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കിയ്വിൽ സ്ഫോടനം നടന്നു. യുഎസിലെ ബിഎൻഒ ന്യൂസ് സ്ഫോടനത്തിന്റെ അലയൊലികൾ വ്യക്തമാവുന്ന വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.
ദോൻബാസിലെ യുക്രൈൻ സൈന്യത്തിന്റെ നീക്കങ്ങൾ തടയാനും നിരായൂധീകരണം ഉറപ്പാക്കാനും വേണ്ടിയാണ് റഷ്യ സൈനിക നടപടിക്ക് ഉത്തരവിട്ടതെന്നാണ് പുടിൻ പറയുന്നത്. ആയുധം താഴെ വെച്ച് തിരികെപ്പോവാനാണ് പുടിൻ യുക്രൈൻ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രൈനെ കൈയടക്കണമെന്ന് റഷ്യക്ക് ആഗ്രഹമില്ല.
തങ്ങളുടെ സൈനിക നീക്കത്തിൽ ആരെങ്കിലും ഇടപെട്ടാൽ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും പുടിൻ പറഞ്ഞു. എന്നാൽ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നാണ് യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലൻസ്കി വ്യക്തമാക്കിയത്.
ആഴ്ചകളായി തുടരുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ലോകാജ്യങ്ങളുടെ എതിര്‍പ്പും വിലക്കും മറികടന്ന് റഷ്യ യുക്രൈനിലേക്ക് ആക്രമണം നടത്തുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Tags:
Latest News
