പാലക്കാട്: മുണ്ടൂരിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരാളടക്കം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
മുണ്ടൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിലാണ് ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വസീം കൊല്ലപ്പെട്ടത്. ഇവരുടെ താമസസ്ഥലത്ത് വെച്ചായിരുന്നു സംലർഷം. ഉത്തർപ്രദേശ് സ്വദേശിയായ വാജിദ് എന്നയാളാണ് വസീമിനെ കുത്തി കൊലപ്പെടുത്തിയത്. ഇവർ തമ്മിലുള്ള സംഘർഷം തടയാന്‍ ശ്രമിച്ച വാസിം എന്നയാള്‍ക്കും സഹോദരന്‍ അജീമിനും പരിക്കേറ്റു.
കൊലപാതകത്തിന് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. വസീമിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വർഷങ്ങളായി മുണ്ടൂരിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണിവർ. എല്ലാവരും ഉത്തര്‍പ്രദേശിലെ സരണ്‍പൂരില്‍നിന്നുള്ളവരാണ്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
