ലഖിംപൂരിൽ കർഷകരുടെ മേലേക്ക് വാഹനമിടിച്ച് കയറ്റിയ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആഷിഷ് മിശ്രയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. കാറിടിച്ച് കയറ്റിയ സംഭവത്തിൽ പിടിയിലായ ഒരാളെ സംഭവ സ്ഥലത്ത് വെച്ച് പൊലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
താനൊരു കറുത്ത നിറത്തിലുള്ള ഫോർച്യൂണിലായിരുന്നെന്നും തന്റെയൊപ്പം അഞ്ച് പേർ കാറിലുണ്ടായിരുന്നെന്നും ഇയാൾ പൊലീസിനോട് പറയുന്നുണ്ട്. കർഷകരെ ഇടിച്ച വാഹനവ്യൂഹത്തിലാരൊക്കെയുണ്ടെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നാണ് ആദ്യം ഇയാൾ മറുപടി നൽകിയത് . പൊലീസ് പിന്നെയും ചോദിച്ചപ്പോൾ അവരെല്ലാം ഭയ്യയുടെ ആൾക്കാരാണെന്നാണ് മറുപടി പറഞ്ഞത്. ഭയ്യ എന്ന് കൊണ്ട് ആഷിഷ് മിശ്രയെയാണ് ഇയാൾ സൂചിപ്പിച്ചതാണെന്നാണ് റിപ്പോർട്ട്.
എന്നാൽ കർഷകരുടേ നേരെ വാഹനമിടിച്ച് കയറ്റിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് ആഷിഷ് മിശ്ര പറയുന്നത്. മകന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അജയ് മിശ്രയും പറഞ്ഞിരുന്നു. അതേസമയം കേസിൽ തയ്യാറാക്കിയ എഫ്ഐആറിലുൾപ്പെടെ ആഷിഷ് മിശ്രക്കെതിരെ ആരോപണമുണ്ട്. കര്‍ഷകരെ ഇടിച്ച് തെറിപ്പിച്ച വാഹനത്തില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നു എന്നും എഫ്‌ഐഐര്‍ ചൂണ്ടിക്കാട്ടുന്നു.
