Trending

കോടികളുടെ തട്ടിപ്പ്, ആഡംബര ജീവിതം; രാത്രി ഭാര്യവീട്ടിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് പോലീസ്




നെടുമങ്ങാട്: ആഡംബരജീവിതം നയിക്കുന്നതിന് കോടികളുടെ തട്ടിപ്പുനടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് ജീവാഭവനിൽ ജി.ജിതിൻ (31) നെയാണ് നെടുമങ്ങാട് എ.എസ്.പി. രാജ്പ്രസാദും സംഘവും അറസ്റ്റുചെയ്തത്.

പലരിൽനിന്നായി നാലുകോടിയോളം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറയുന്നു. ബിസിനസിൽ പങ്കാളിയാക്കാം എന്നുവിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ആദ്യഘട്ടങ്ങളിൽ ഇയാൾ 2 ശതമാനം മുതൽ 18 ശതമാനം വരെ പലിശ നൽകിയിരുന്നു. കൂടുതൽ വിശ്വാസത്തിനായി തന്റെ വീടിന്റെതന്നെ ആധാരവും കരാറായി എഴുതിനൽകിയിരുന്നു. കൂടാതെ തുകയെഴുതാത്ത ചെക്കുകളും ഒപ്പിട്ടുനൽകി.

2017-മുതൽ ജിതിൻ ചെറിയതോതിൽ ആരംഭിച്ച തട്ടിപ്പുകൾ പിന്നീട് വിപുലമാക്കുകയായിരുന്നു. തട്ടിപ്പുനടത്തിയ പണത്തിൽ ഏറിയഭാഗവും ആഡംബരജീവിതത്തിനുവേണ്ടിയാണ് ഇയാൾ ചെലവിട്ടത്. ദുബായ്, സിങ്കപ്പുർ, കൊൽക്കത്ത, ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ബിസിനസ് ഉണ്ടെന്നും അതിന്റെ ലാഭമാണ് പലിശയായി നൽകുന്നതെന്നുമാണ് നിക്ഷേപകരെ ധരിപ്പിച്ചത്. ഒന്നരലക്ഷം മുതൽ 46 ലക്ഷം വരെ ജിതിന് നൽകിയവരുണ്ട്.

നിലവിൽ 41 പേരിൽ നിന്നുമുള്ള പരാതികളാണ് നെടുമങ്ങാട് പോലീസിനു ലഭിച്ചിട്ടുള്ളത്.തുടർന്ന് പോലീസ് പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും പരിശോധന ആരംഭിച്ചു. ഫോൺ പലപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു. കഴിഞ്ഞദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യവീട്ടിലെത്തിയ ജിതിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. സംസ്ഥാനത്തിനു പുറത്തും സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാലോട് സി.ഐ. സി.കെ.മനോജ്, അരുവിക്കര എസ്.ഐ. എസ്.അൻസാരി, നെടുമങ്ങാട് ഗ്രേഡ് എസ്.ഐ. പ്രകാശ്, ഷാഡോ ഗ്രേഡ് എസ്.ഐ.മാരായ ഷിബു, സുനിൽലാൽ, സജു, നെവിൽരാജ്, നെടുമങ്ങാട് ഗ്രേഡ് എസ്.ഐ. സൈനി കുമാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post