തിരുവനന്തപുരം വിതുരയില്‍ വൈദ്യശാലയുടെ മറവില്‍ കഞ്ചാവ് വില്‍പന. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയപ്പോള്‍ കിട്ടിയത് വന്യ ജീവികളുടെ കൊമ്പുകളും, ശരീരഭാഗങ്ങളും, വെടിയുണ്ടകളും, വാറ്റ് ഉപകരണങ്ങളും, കഞ്ചാവ് തൈലവും. കല്ലുവെട്ടാന്‍കുഴിയിലെ അഗസ്ത്യ എന്ന വൈദ്യശാലയില്‍ നിന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വൈദ്യശാലയുടെ ഉടമയായ പൊന്നാംചുണ്ട് സുരേഷ് ഭവനില്‍ വിക്രമന്‍(69), സഹായി ഫിറോസ് മന്‍സിലില്‍ സഞ്ജു(45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
40 വര്‍ഷമായി വൈദ്യശാല നടത്തിവരുന്ന വിക്രമന്‍ ഒരു മാസം മുമ്പാണ് കല്ലുവെട്ടാന്‍കുഴിയില്‍ പുതിയ വൈദ്യശാല തുറന്നത്. ഇവിടെ നിന്ന് വില്‍ക്കുന്ന അരിഷ്ടത്തിലും, ലേഹ്യത്തിലും കഞ്ചാവിന്റെ അംശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിക്രമന്റെ വീട്ടില്‍ നിന്നും അരക്കിലോ കഞ്ചാവ്, കഷണങ്ങളാക്കിയ ആനക്കൊമ്പ്, കാട്ടുപോത്ത്, മ്ലാവ്, മാന്‍ എന്നിവയുടെ കൊമ്പ്, കാട്ടുപന്നിയുടെ പല്ല്, മുള്ളന്‍പന്നിയുടെ മുള്ള്, കുറുക്കന്‍, പന്നി, മലയണ്ണാന്‍, മയില്‍ തുടങ്ങിയവയുടെ മാംസം, മയില്‍പ്പീലി എന്നിവ കണ്ടെടുത്തു.
ഇയാളുടെ സഹായി സഞ്ജുവിന്റെ വീട്ടില്‍ നിന്നും 20 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പൊലീസ് പിടിച്ചെടുത്തു. ഇയാളില്‍ നിന്ന് മുപ്പതോളം വെടിയുണ്ടകളും ലഭിച്ചിട്ടുണ്ട്. കഞ്ചാവ് തൈലമുള്‍പ്പെടെ വൈദ്യശാലയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ്, വിതുര സിഐ എസ് ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുളള പതിനഞ്ചംഗ പൊലീസാണ് പരിശോധന നടത്തിയത്. പിടികൂടിയ വന്യജീവികളുടെ ശരീര ഭാഗങ്ങള്‍ വനം വകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
