കൊല്ലം: കരുനാഗപ്പള്ളിയില്‍ ആളുമാറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 9 പേര്‍ അറസ്റ്റിലായി. പ്രതികളിലൊരാളുടെ കാമുകിയെ ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് അക്രമികള്‍ നിരപരാധിയായ യുവാവിനെ ആക്രമിച്ചത്.
കുലശേഖരപുരം കനോസ സ്കൂളിനു സമീപം താമസിക്കുന്ന ബിലാലിനെ ചൊവ്വാഴ്ച രാത്രി എസ്ബിഎം ആശുപത്രിക്ക് സമീപം വച്ചാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പത്തുപേരുളള അക്രമി സംഘത്തിലെ ഒന്‍പതുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പുതുക്കാട്ട് വടക്കതിൽ അസ്‌ലം, പീടികയില്‍ സുഹൈൽ, മരുതൂർകുളങ്ങരയില്‍ ഹിലാൽ, മുഹമ്മദ് ഉനൈസ്, അൽത്താഫ്, അരുൺ ,അഖിൽ , തട്ടേത്ത് വീട്ടിൽ സച്ചു ,അച്ചു, എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ രണ്ടാം പ്രതി സുഹൈലിന്റെ കാമുകിയെ ഹഫീസ് എന്നയാൾ ഫോൺ ചെയ്തതിന്റെ വിരോധം തീര്‍ക്കാനായിരുന്ന അക്രമികളുടെ തീരുമാനം. മാരകായുധങ്ങളുമായി കരുതിനിന്ന അക്രമികള്‍ ഹഫീസാണെന്ന് തെറ്റിധരിച്ച് ഇതുവഴി വന്ന ബിലാലിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ബിലാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
Tags:
Crime News
