എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കാസർകോടിന് ഇപ്പോൾ പ്രഥമ പരിഗണനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചത്. പി എം എസ് എസ് വൈയിൽ ഉൾപെടുത്തി കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് കേന്ദ്ര സർകാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി അനുവദിച്ച് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
2014 മുതൽ അതാത് കാലത്തെ സംസ്ഥാന സർകാരുകൾ ഇക്കാര്യം കേന്ദ്ര സർകാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുമായി 2021 ജൂലൈ മാസത്തിൽ ഡൽഹിയിൽ വെച്ചുള്ള കൂടിക്കാഴ്ചയിലും ഓഗസ്റ്റ് മാസത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി കേരളം സന്ദർശിച്ചപ്പോഴും ഇക്കാര്യം ഉന്നയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബർ 22 ന് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് അയച്ച കത്തിൽ എയിംസ് തുടങ്ങുന്നതിനാവശ്യമായ 200 ഏകെർ സ്ഥലം കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വെള്ളവും വൈദ്യുതിയും ഗതാഗത സൗകര്യവുമുള്ള സ്ഥലം കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ ലഭ്യമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്തിൽ സംസ്ഥാന സർകാർ അറിയിച്ചിട്ടുള്ളത്.
Tags:
Kerala News
