തമിഴ്നാട്: തമിഴ്നാട് നീലഗിരിയില്‍ നാല് പേരെ കൊന്ന നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയിലെ വന മേഖലയില്‍ വച്ചാണ് കടുവയെ പിടികൂടിയത്. നേരത്തേ കടുവയെ മയക്കുവെടിവച്ചെങ്കിലും കാട്ടിലേയ്ക്ക് ഓടി മറയുകയായിരുന്നു.
ഇരുപത്തിയൊന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കടുവയെ പിടികൂടാനായത്. മയക്കുവെടിവച്ചതിനെ തുടര്‍ന്ന് കാട്ടില്‍ ഓടിമറഞ്ഞ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിട്ടിരുന്നു. കടുവയെ വേട്ടയാടി കൊല്ലാനായി തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിന്മേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. ഇതേ തുടര്‍ന്ന് കടുവയെ ജീവനോടെ പിടികൂടാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി.
വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍, ഡ്രോണുകള്‍ എന്നിവയുടെ സഹായത്തോടെ പിടികൂടാനായിരുന്നു ശ്രമം. എന്നാല്‍ ശ്രമം വിജയം കണ്ടില്ല. തുടര്‍ന്നാണ് വിപുലമായ പരിശോധനയ്ക്ക് വനംവകുപ്പ് തയ്യാറായത്. 21 ദിവസം 160 പേര്‍ അടങ്ങുന്ന സംഘത്തിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് കടുവ പിടിയിലായത്.
Tags:
Latest News
