ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികൾ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹണി ട്രാപ്പ് മുതലായ ചതികളില്‍ പൊലീസ് പെടുന്നത് കളങ്കം ഏല്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും സൂക്ഷ്മതവേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സേനയുടെ യശസ്സിനെ ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് മേധാവി അനില്‍ കാന്ത് മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്തു. എ ഡി ജി പി കെ പത്മകുമാര്‍ നന്ദി പറഞ്ഞു
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിച്ച് കൊണ്ടാണ് പൊലീസിലെ ആശ്വാസകരമല്ലാത്ത പ്രവണതകൾക്ക് എതിരെ മുന്നറിപ്പ് നൽകിയത്. കൊവിഡ് പ്രതിരോധരംഗത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസിന് കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി മാനസികസമ്മര്‍ദ്ദം ഉണ്ടായാല്‍ അത് പൊതുജനങ്ങളോടുള്ള ഇടപെടലില്‍ പ്രതിഫലിക്കരുതെന്നും അദ്ദേഹം മുന്നറിപ്പ് നൽകി.
അതേസമയം, പ്രകോപനപരമല്ലാതെ പൊതുജനങ്ങളോട് പെരുമാറാന്‍ പൊലീസിന് കഴിയണം. സേനയെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത പൊതുവേ കണ്ടുവരുന്നുണ്ട്. അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കുക തന്നെ വേണം.
തങ്ങളുടെ എല്ലാ പ്രവൃത്തികളും സമൂഹവും സഹപ്രവര്‍ത്തകരും വീക്ഷിക്കുന്നുണ്ടെന്ന ബോധം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണം. ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന ഇല്ലാത്ത പരിപാടികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്.കീഴുദ്യോഗസ്ഥരുടെ പരാതികൾ മനസ്സിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനവും കസ്റ്റഡി മരണവും ഉണ്ടായാൽ സര്‍ക്കാര്‍ ഗൗരവമായി കാണും. പൊലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികള്‍ക്ക് രസീത് നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കും. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഉടനടി നടപടി വേണം. പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി വേണം. പൊലീസ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണും .
ഒന്നര മണിക്കൂറിലധികം നീണ്ട യോഗത്തിൽ പൊലീസിൻ്റെ നന്മകൾ എടുത്ത് പറഞ്ഞ മുഖ്യമന്ത്രി അടുത്തിടെ സേനയിൽ വന്ന കളങ്കങ്ങൾ ചൂണ്ടിക്കാട്ടി.