പെരുമ്പാവൂര്‍: വാഴക്കുളം കുന്നുവഴിയില്‍ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മാറമ്പിള്ളി പള്ളിപ്രം എം.ഇ.എസ് കോളേജിനു സമീപം എള്ളുവാരം വീട്ടില്‍ അന്‍സാര്‍ (32) ആണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഇയാള്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പ്രതികള്‍ പോയത്. കൂടാതെ കഞ്ചാവ് വാങ്ങുന്നതിനുള്ള പണം നല്കിയതും ഇയാളാണ്. ആന്ധ്രയില്‍ നിന്നും പണം നല്‍കി വാങ്ങിയ കഞ്ചാവ് ഇവര്‍ കൊറിയര്‍ വഴി പാര്‍സല്‍ അയക്കുകയായിരുന്നു.
കഴിഞ്ഞ പത്താം തിയതിയാണ് പെരുമ്പാവൂര്‍ കുന്നുവഴിയില്‍ കൊറിയറില്‍ പാഴ്‌സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് പോലിസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മറ്റ് നാലു പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും, കേരളത്തിന് പുറത്തേക്കും അമ്പേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്.പി കാര്‍ത്തിക് അറിയിച്ചു.
