Trending

എത്ര പേരെ അറസ്റ്റ് ചെയ്തു?; ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാറിനോട് സുപ്രീം കോടതി


ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയ സംഭവത്തില്‍ യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടന്ന കേസില്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചക് എന്നാണ് കോടതി ആരാഞ്ഞത്. ആരെല്ലാമാണ് എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആരുടെയെല്ലാം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണെന്ന്് കോടതി വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ്പ്രീത് സിംഗിന്റെ അമ്മയ്ക്ക് ചികിത്സാ സഹായം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷയായ ബെഞ്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് വ്യക്തമാക്കി.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പരിഗണിയ്ക്കുന്ന വിധത്തില്‍ ഒരു നടപടി യുപി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് അഭിഭാഷകന്‍ ശിവകുമാര്‍ ത്രിപാഠി കത്തയച്ചത് പ്രകാരമാണ് സംഭവം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചായിരുന്നു കോടതി നടപടികള്‍ സ്വീകരിച്ചത്.

എന്നാല്‍, സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പരിശോധിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കൃത്യമായ രീതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പരാതി, എന്നായിരുന്നു ചീഫ് ജസ്റ്റിസ് രമണയുടെ പ്രതികരണം. പിന്നാലെയാണ് സംഭവത്തില്‍ കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post