Trending

ലഖിംപൂര്‍ കൊലപാതകം ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്


ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ വാഹനമിടിപ്പിച്ച് കര്‍ഷകരെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും. ലഖിംപൂര്‍ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് വിശദീകരിക്കണമെന്ന് യുപി സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ഇന്ന് പത്ത്മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്നാണ് ആശിഷ് മിശ്രക്ക് ഇന്നലെ അന്വേഷണ സംഘം നല്‍കിയിരിക്കുന്ന നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുകയാണ്. ആറ് പ്രതികളെയാണ് സംഭവവുമായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്‌യുവി വാഹനങ്ങള്‍ ഇടിച്ചാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടിക്കോണിയ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് എഫ് ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മന്ത്രി പുത്രന്‍ ആശിഷിനെതിരെയും കണ്ടാലറിയുന്ന ഇരുപതോളം പേര്‍ക്കെതിരെയും കൊലപാതകം, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടന്ന കേസില്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചത് എന്നാണ് കോടതി ആരാഞ്ഞത്. ആരെല്ലാമാണ് എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആരുടെയെല്ലാം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണെന്ന്് കോടതി വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ്പ്രീത് സിംഗിന്റെ അമ്മയ്ക്ക് ചികിത്സാ സഹായം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷയായ ബെഞ്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പരിഗണിയ്ക്കുന്ന വിധത്തില്‍ ഒരു നടപടി യുപി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് അഭിഭാഷകന്‍ ശിവകുമാര്‍ ത്രിപാഠി കത്തയച്ചത് പ്രകാരമാണ് സംഭവം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചായിരുന്നു കോടതി നടപടികള്‍ സ്വീകരിച്ചത്.

എന്നാല്‍, സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പരിശോധിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കൃത്യമായ രീതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പരാതി, എന്നായിരുന്നു ചീഫ് ജസ്റ്റിസ് രമണയുടെ പ്രതികരണം. പിന്നാലെയാണ് സംഭവത്തില്‍ കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post