കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്സൈസ് അറസ്റ്റുചെയ്തു. ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി. അമൃത തോമസിനെയാണ് (33) വെള്ളിയാഴ്ച ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ കെ. സതീശൻ്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപാസിൽ തിരുവണ്ണൂർ ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്.
മയക്കുമരുന്നായ എക്സ്റ്റസിയുടെ 15 ഗുളികകളാണ് (ഏഴ് ഗ്രാം) ഇവരിൽ നിന്ന് കണ്ടെടുത്തത്. റിസോർട്ടുകളിൽ ലഹരി പാർട്ടി നടത്തുന്നതിനായി ഗോവയിൽ നിന്നാണ് എക്സ്റ്റസി കോഴിക്കോട്ട് എത്തിക്കുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിദ്യാർഥികളെ കേന്ദ്രീകരിച്ച് നഗരപരിധിയിൽ വൻതോതിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൃതയെ പിടികൂടിയത്.
പ്രിവൻറിവ് ഓഫിസർമാരായ സി. പ്രവീൺ ഐസക്ക്, വി.പി. അബ്ദുൽ ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. ശ്രീശാന്ത്, എം. റെജി, വിമൻ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. ലതമോൾ, കെ.പി. ഷിംല, ഡ്രൈവർ പി. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:
Latest News
