മാവൂർ: ഓൺലൈൻ പഠനത്തിന് മൊബൈൽ നൽകി പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച പരാതിയിൽ യുവാവിനെ മാവൂർ പോലീസ് അറസ്റ്റുചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങിനൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കുട്ടികൾക്ക് അശ്ലീലസന്ദേശം അയയ്ക്കുകയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കംപോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ പോക്സോകേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി.
പ്രിൻസിപ്പൽ എസ്.ഐ. വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ എ.എസ്.ഐ. സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിവിൽ പോലീസ് ഓഫിസർമാരായ ബിജു, എം.സി. ലിജുലാൽ, സുമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.
Tags:
Crime News
