സമൂഹ്യ മാധ്യമ ഭീമനായ ഫേസ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിക്കും. ടെക് ബ്ലോഗായ ദ വെര്‍ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് എന്ന മാതൃകമ്പനി പേരാണ് മാറ്റുന്നത്. പുതിയ പേരിനു കീഴില്‍ വാടസ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളെപ്പോലെ ഫേസ്ബുക്ക് ആപ്പും തുടരും. അതിനാല്‍ ഫേസ്ബുക്ക് ആപ്പ് ഉപയോക്താക്കളെ ഇത് ബാധിക്കില്ല.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന ലേബലില്‍ നിന്ന് മാറി ഫോണ്‍ നിര്‍മാണത്തിലേക്കുള്‍പ്പെടെ കമ്പനി കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനങ്ങളുടെ കൂടുതല്‍ പ്രവൃത്തികളും വെര്‍ച്വല്‍ ലോകത്താക്കുന്ന മെറ്റാവേഴ്‌സ് എന്ന മാറ്റത്തിലേക്കാണ് ഫേസ്ബുക്കും ഒരുങ്ങുന്നത്. അതേസമയം പേരുമാറ്റത്തില്‍ ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വകാര്യതാ ചോര്‍ച്ച സംബന്ധിച്ച് ഫേസ്ബുക്കിനെതിരെയുള്ള വിവാദങ്ങളെ അകറ്റാനും പേരുമാറ്റം സഹായിച്ചേക്കും. ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് മുൻ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തൽ കമ്പനിയെ ബാധിച്ചിട്ടുണ്ട്. ഫ്രാൻസിസ് ഹേഗെൻ എന്ന മുൻ ഫേസ്ബുക്ക് പ്രൊഡക്ട് മാനേജരാണ് ആരോപണങ്ങൾ ഉന്നയിച്ചത്. സാധാരണക്കാരുടെ സ്വകാര്യതയെ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെ തടയാനുള്ള മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും ഇവർ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനിടെ ഒക്ടോബർ ആദ്യ വാരം ഏഴ് മണിക്കൂര്‍ നേരം ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നി ആപ്പുകളുടെ പ്രവർത്തനം നിലച്ചതും കമ്പനിക്ക് തിരിച്ചടിയായി.
Tags:
Latest News
