ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുനേരെ വീണ്ടും ആക്രമണം. ഹരിയാനയിലെ നരൈന്‍ഗവിലെ സൈനി ഭവനില്‍ മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന കർഷകർക്കുനേരെ ബിജെപി എംപി നയാബ് സൈനിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയതായി കർഷകർ ആരോപിച്ചു. ആക്രമണത്തില്‍ നാലു കർഷകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു കർഷകനെ അംബാലയ്ക്കടുത്തുള്ള നരിന്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നരൈന്‍ഗവിലെ സൈനി ഭവനില്‍ പൊതുപരിപാടിക്ക് എത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്ന കർഷകർക്കിടയിലേക്ക് എംപിയുടെ വാഹനവ്യഹത്തിലൊന്ന് മനപൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളായ കർഷകരുടെ ആരോപണം. ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ സംഭവ സ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഹരിയാന മന്ത്രി മൂല്‍ ചന്ദ് ശര്‍മ്മ ഉള്‍പ്പെടെയുള്ള മറ്റ് ബിജെപി നേതാക്കളും ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
കർഷകരെ ആക്രമിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത പക്ഷം ഒക്ടോബര്‍ 10 ന് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ കോണ്‍വോ വാഹനവ്യൂഹമിടിച്ച് നാല് കർഷകർ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചതിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹരിയാനയിലും സമാന സംഭവമുണ്ടാകുന്നത്. ലഖിംപൂർ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര താർ വാഹനമാണ് സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയത്. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയും ആക്രമണം നടത്തിയ വാഹനങ്ങളിലൊന്നില്‍ ഉണ്ടായിരുന്നതായുള്ള കർഷകരുടെ പരാതിയില്‍ ആശിഷിനെതിരെയും യുപി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags:
National
