Trending

ലക്ഷദ്വീപ് തീരത്തു നിന്ന് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രം ബോയക്കായി കടലിൽ തിരച്ചിൽ വ്യാപകം


ലക്ഷദ്വീപ് തീരത്തുനിന്ന് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രത്തിനായി കടലില്‍ വ്യാപക തിരച്ചില്‍. കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കോസ്റ്റല്‍ പൊലീസിന് കീഴില്‍ മല്‍സ്യത്തൊഴിലാളികള്‍ അംഗങ്ങളായുള്ള എഴുന്നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ബോയയുടെ വിവരങ്ങള്‍ കൈമാറി. ടൗട്ടെ ചുഴലിക്കാറ്റ് ഉള്‍പ്പെടെ കൃത്യമായി പ്രവചിക്കുന്നതിന് ഭൗമശാസ്ത്രകേന്ദ്രത്തെ സഹായിച്ച കോടികള്‍ വിലയുള്ള OMNI ബോയയാണ് കാണാതായിരിക്കുന്നത്.

കടലിന്‍റെ മക്കളെന്ന ഫെയ്സ്ബുക്ക് പേജില്‍ മൂന്ന് ദിവസം മുന്‍പാണ് ഈ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം താനൂരില്‍ നിന്ന് കടലില്‍ പോയ മല്‍സ്യബന്ധന വള്ളത്തിലുള്ളവര്‍ ബോയയില്‍ കയറി നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ലക്ഷദ്വീപിനോടടുത്ത് ആഴക്കടലിലാണ് ഈ ബോയ സ്ഥാപിച്ചിരുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടേതാണ് ഈ ബോയ.

കാറ്റിന്‍റെ വേഗം, ദിശ, സമുദ്രനിരപ്പ്, വായുസമ്മര്‍ദം, അന്തരീക്ഷ താപനില എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ബോയ ലഭ്യമാക്കുന്നത്. ഇത്തരം ബോയകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴും അറബിക്കടലില്‍ അഞ്ചുമാണ് ഉള്ളത്. കഴിഞ്ഞ ജൂലൈയിലാണ് നങ്കൂരം പൊട്ടി ബോയ ഒഴുകിത്തുടങ്ങിയത്്. പിന്നീട് സിഗ്നല്‍ നഷ്ടപ്പെട്ടു. സെന്‍സറുകള്‍ക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഒരു തരത്തിലും ട്രാക്ക് ചെയ്യാന്‍ സാധിക്കാതായി. സങ്കീര്‍ണമായ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ബോയയില്‍ ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങളുണ്ട്.

കണ്ണൂര്‍–കാസര്‍കോട് തീരത്തുനിന്ന് ബോയ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനുള്ളത്. കണ്ടുകിട്ടിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോയ കെട്ടിവലിച്ചുകൊണ്ടുവരാമെന്നും പൂര്‍ണ ചെലവ് വഹിക്കാമെന്നും ഇന്‍സ്റ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഏറെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ ഉള്ളതിനാല്‍ ബോയ തുറക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post