താമരശ്ശേരി : മദ്യ മുതലാളിമാരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സമൂഹം ലഹരി വിമുക്ത മാകുകയുള്ളൂ എന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. KSRTC ഡിപ്പോകളിൽ മദ്യ കടകൾ തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി ഡിപ്പോക്ക് മുമ്പിൽ താലൂക്ക് മദ്യനിരോധന സമിതി സംഘടിപ്പിച്ച സത്യാഗ്രഹത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി വി അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത് ലീഗ് നേതാവും താമരശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം ടി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ കൊടുവള്ളി നിയോജക മണ്ഡലം ജോ:സെക്രട്ടറി സിറാജ് തച്ചംപൊയിൽ, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അൻവർ സാദത്ത്, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പൻ കണാട്ടി എന്നിവർ പ്രസംഗിച്ചു.
താമരശ്ശേരി ഡിപ്പോയിൽ മദ്യ വ്യാപാരവുമായി വന്നാൽ എന്ത് വില കൊടുത്തും തടയുമെന്ന് കാരാടി ബാർ സമരത്തെ അനുസ്മരിച്ചു കൊണ്ട് സാജിർ പരപ്പൻപൊലിന്റെ നേതൃത്വത്തിൽ സത്യാഗ്രഹത്തെ പിന്തുണച്ച് പ്രകടനമായി എത്തിയ യുവാക്കൾ താക്കീതു നൽകി. ഹക്കീം കാരാടി സ്വാഗതവും ബഷീർ പത്താൻ നന്ദിയും പറഞ്ഞു.
Tags:
Latest News
