Trending

ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിച്ചില്ല; നാലു പെൺമക്കളെ കൊന്ന് പിതാവ്




ജയ്പൂർ: നാല് പെൺമക്കളെ കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് പിതാവ്. രാജസ്ഥാനിലെ ബർമർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ വിഷം നൽകി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചാണ് കൊന്നത്. ശേഷം വിഷയം കഴിച്ച് ആത്മഹത്യ ശ്രമിക്കുകയായിരുന്നു.

ബർമറിലെ പോഷാൽ ഗ്രാമത്തിലുള്ള പുഖാറാം എന്നയാളാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളുടെ മക്കളായ വസുന്ധര(ഒന്നര വയസ്സ്), ലക്ഷ്മി (3), നോജി(5), ജീയോ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പുഖാറാം ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് മാസം മുമ്പാണ് പുഖാറാമിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഇയാൾ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാല് പെൺമക്കളെ തനിച്ച് വളർത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. മക്കളെ നോക്കാൻ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു.

എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ ആവശ്യം അംഗീകരിച്ചില്ല. ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടികളുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വീട്ടിലെത്തിയ പുഖാറാം നാല് മക്കളേയും തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെയാണ് കുഞ്ഞുങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയതും.

വിഷം കഴിച്ച ശേഷം അബോധാവസ്ഥയിലായ കുട്ടികളെ വാട്ടർടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം പുഖാറാമും വിഷം കഴിച്ചു. ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കാത്തിലുള്ള ദേഷ്യമാണ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

നിലവിൽ ബർമർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പുഖാറാം. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post