മണ്ണാർക്കാട്: വീട്ടമ്മയ്ക്ക് നേരെ മുളകുപൊടി വിതറി താലിമാല പൊട്ടിച്ചെടുത്തു. മണ്ണാർക്കാട് നഗരസഭ ഒന്നാംമൈൽ വാർഡിലെ ഗോവിന്ദപുരം കല്ലിങ്ങൽ വീട്ടിൽ ലിഷയുടെ (50) മാലയാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. സ്വകാര്യ വസ്ത്രശാലയിലെ ജീവനക്കാരിയായ ലിഷ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് സംഭവം.
വീട്ടിൽ കറന്റ് ഇല്ലാത്ത സമയത്ത് മോഷ്ടാവ് പുറത്തുനിന്നും വീട്ടമ്മയുടെ പേര് വിളിച്ച് വാതിൽ തുറപ്പിക്കുകയായിരുന്നു. വാതിൽ തുറന്നയുടൻ ലിഷയുടെ മുഖത്തിനുനേരെ മുളകുപൊടി വിതറി കഴുത്തിൽ കിടന്ന രണ്ട് പവനിലേറെ വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലിഷയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി സമീപത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീട്ടിലെ വൈദ്യുത ഫ്യൂസ് ഊരി വെച്ച നിലയിലായിരുന്നു. തുടർന്ന് കൗൺസിലറുടെ സഹായത്തോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി ഊർജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
