Trending

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു


മലപ്പുറം: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പൊന്നാനി എന്‍സിവി ചാനല്‍ വാര്‍ത്താ അവതാരകന്‍ വിക്രമന്‍ (44) ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായറാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു അപകടം. പൊന്നാനി പുഴമ്പ്രത്ത് മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പൊന്നാനി എന്‍സിവി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറും വാര്‍ത്താ അവതാരകനുമായ വിക്രമനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ കാര്‍ ഒടിച്ച യുവാക്കളെ പിന്നീട് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിക്രമന്റെ ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുഴമ്പ്രത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു. ഈ ബൈക്കില്‍ ഇരിക്കുകയായിരുന്ന രണ്ടു യുവാക്കളും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിക്രമനെ അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പൊന്നാനി ഉറൂബ് നഗര്‍ സ്വദേശിയായ വിക്രമന്‍ ശേഖരന്‍-ജാനകി ദമ്പതികളുടെ മകനാണ് സരിതയാണ് ഭാര്യ. ആദിനിവേദ്, ആശിര്‍വാദ് എന്നിവര്‍ മക്കളാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post