Trending

സ്കൂൾ തുറക്കുന്നത് ആലോചനയിൽ; പ്രായോഗികത പഠിക്കും: മന്ത്രി വി.ശിവന്‍കുട്ടി



തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന സൂചന നല്‍കി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതായും സ്കൂളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ തുറക്കുന്നതിനു സമയമായോ എന്നു പരിശോധിക്കും. വിദഗ്ധസമിതി റിപ്പോർട്ടും ഏതൊക്കെ ക്ലാസുകള്‍ തുറക്കണം, എങ്ങനെ സ്കൂളുകൾ പ്രവർത്തിക്കണം എന്നതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടും മുഖ്യമന്ത്രിക്കു സമർപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് വിദഗ്ധ സമിതി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങളോടെ സ്കൂൾ തുറക്കാമെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദഗ്ധർ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്. സംസ്ഥാനത്ത് രാത്രി കർഫ്യുവും ഞായർ ലോക്ഡൗണും ഒഴിവാക്കാമെന്നും കോവിഡ് നിർണയത്തിന് ആന്റിജൻ ടെസ്റ്റുകൾക്കു പകരം ആർടിപിസിആർ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആരോഗ്യ വിദഗ്ധർ നിർദേശിച്ചിരുന്നു. സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങണമെന്നും വിദഗ്ധർ നിർദേശിച്ചു.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിദേശത്തു നിന്നുൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. രാജ്യത്ത് കോവിഡ് ഡേറ്റ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post