Trending

ആള്‍ദൈവം, സിനിമാ താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍; ആരെയും വിടാതെ മോന്‍സന്‍; കൂടുതല്‍ ചിത്രങ്ങള്‍


വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ കൂടുതല്‍ പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. അമൃതാനന്ദമയി, ചലചിത്ര നടി മല്ലികാ സുകുമാരന്‍, കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഒടുവില്‍ പുറത്തുവരുന്നത്. അമൃതാനന്ദമയിയും മല്ലികാ സുകുമാരനും മോന്‍സന്റെ വീട്ടിലെത്തിയെടുത്ത ചിത്രവും ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാവ് പി ജര്‍മിയാസ് എന്നിവര്‍ ഭരണിക്കാവില്‍ മോന്‍സണൊപ്പം വേദി പങ്കിട്ടതിന്റേയും ചിത്രങ്ങളാണ് പുറത്ത് വന്നത്. സമന്വയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ ഭവന സഹായ പരിപാടിയിലേക്കാണ് മോണ്‍സണ്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഢംബര കാറില്‍ മോന്‍സന്റെ വരവ്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ലോക്‌നാഥ് ബെഹ്‌റ, ജിജി തോംസണ്‍, മന്ത്രി റോഷി അഗസ്റ്റിന്‍,നിലവിലെ ഡിജിപി അനില്‍ കാന്ത്, മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ തുടങ്ങവര്‍ക്കൊപ്പമുളള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചലച്ചിത്ര രംഗത്ത് നിന്നും നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ദിവസമാണ് മോന്‍സന്‍ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വിറ്റ വിദേശ പണം ബാങ്കിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്നാണ് കേസ്. ഗള്‍ഫ് രാജ്യങ്ങളില്‍ പുരാവസ്തു വിറ്റ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയെന്നായിരുന്നു മോന്‍സന്‍ പണം വാങ്ങുന്നവര്‍ക്ക് രേഖാമൂലം കാണിച്ചത്. എന്നാല്‍ ഇവ ബാങ്കിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദേശത്ത് മോന്‍സണ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരുന്നില്ല.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മ്മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post