മലപ്പുറം പുത്തനത്താണിയിൽ വെച്ച് രാത്രിയിൽ കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി വീട്ടിൽ സൈതാലിക്കുട്ടിയുടെ മകൻ റാഫി(30) ആണ് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം പിടിയിൽ ആയത്. ഇയാളുടെ ഏറിൽ ബസിൻ്റെ പുറകിലെ ചില്ല് തകരുകയും കണ്ടക്ടർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2021 ജൂലൈ 2 ന് രാത്രി ആണ് സംഭവം നടന്നത്. പുത്തനത്താണിയിൽ നിന്നും വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച ഇയാളെ കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ടിരുന്നു . മദ്യ ലഹരിയിൽ ഇയാൾ കണ്ടക്ടറോട് മോശമായി പെരുമാറുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ബസിൽ നിന്ന് ഇറക്കി വിട്ടതിനു പിന്നാലെ ഇയാൾ കല്ലെടുത്ത് എറിയുകയായിരുന്നു. സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവത്തിന് ശേഷം റാഫി മുങ്ങി നടക്കുകയായിരുന്നു.ഇയാളെ കണ്ടെത്താൻ വേണ്ടി പോലീസ് സമീപ പ്രദേശങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു . റാഫിയെ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രദീപ് കുമാറാണ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റാഫിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. പി ഡി പി പി വകുപ്പും പ്രതിക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
