പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിൽ ഭർത്താവ് മരണപ്പെടുകയും, ഭർത്താവ് ഉപേക്ഷിച്ച സ്വന്തം മകൾ ഏഴു വർഷം മുമ്പ് മരണപ്പെടുകയും, ഇവരുടെ രണ്ട് കുട്ടികൾക്കൊപ്പം പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് തീർത്ത ഷെഡിൽ കഴിയുകയും ചെയ്തു വരുന്ന മഹേശ്വരി അമ്മക്ക് ഒടുക്കം ഉപജീവന മാർഗ്ഗത്തിന് പെട്ടിക്കട (ഉന്തുവണ്ടി) യായി.
പേരക്കുട്ടികളോടൊപ്പം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ മറ്റ് ജോലിക്കൊന്നും പോകാൻ സാധിക്കാതെ താമസിക്കുന്ന മഹശ്വരിയമ്മയ്ക്ക് വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് സമിതിയാണ് താൽക്കാലിക കട (പെട്ടിക്കട) നിർമ്മിച്ചു നല്കിയത്.
താമരശ്ശേരി വാർത്തകൾ (T News) എന്ന ഓൺലൈൻ ചാനലിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് "കരുണയുള്ളവരുടെ കനിവ് തേടി നിർദ്ധനയായ വൃദ്ധ" എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവർക്ക് സഹായവുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടുവന്നത്.
ഇവർ നിത്യവൃത്തിക്കായി നിത്യോപയോഗ സാധനങ്ങൾ താമരശ്ശേരിയിൽ നിന്നും വാങ്ങി വീട്ടു വരാന്തയിൽ ഒരു ബക്കറ്റിൽ വെച്ച് വിൽപ്പന നടത്തി വരികയായിരുന്നു. തനിക്ക് ഒരു പെട്ടിക്കട ആരെങ്കിലും നിർമ്മിച്ചു നൽകിയാൽ വലിയ സഹായമാകുമായിരുന്നു എന്ന് മഹേശ്വരി അമ്മ പറഞ്ഞിരുന്നു.
ഇവരുടെ ആഗ്രഹം സഫലീകരിക്കാൻ താമരശ്ശേരി ജനമൈത്രീ പോലീസ് ബീറ്റ് ഓഫീസർ അഷറഫും പലരേയും സമീപിച്ചിരുന്നു.
ഈ അവസരത്തിലാണ് ദൗത്യം ഏറ്റെടുക്കാൻ വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട് വന്നത്.
കടയുടെ താക്കോൽദാന ചടങ്ങ് ഇന്നു രാവിലെ വിശ്വഹിന്ദു പരിഷത്ത് ജില്ല സേവാ പ്രമുഖ് സുനിൽകുമാർ (ഉണ്ണി പൊൽപ്പാടം)ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.സജീവൻ കടയുടെ താക്കോൽ മഹശ്വരിയമ്മയ്ക്ക് നല്കി. ആയിഷക്ക് പലഹാരം നൽകി മഹേശ്വരി അമ്മ ആദ്യ വിൽപ്പന നിർവ്വഹിച്ചു.
ബി.ജെ.പി മണ്ഡലം വൈ. പ്രസി. ടി.പി.അനന്തനാരായണൻ, ജനമൈത്രീ ബീറ്റ് ഓഫീസർ അഷ്റഫ്, ടി. ന്യൂസ്മ അഡ്മിൻ മജീദ് താമരശ്ശേരി എന്നിവർ സംബന്ധിച്ചു.
കെ.ബി.സുബീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എസ്.അജീഷ് സ്വാഗതവും രാഹുൽ ബാബു നന്ദിയും പറഞ്ഞു.
ഷെഡിൽ കഴിയുന്ന മഹേശ്വരി അമ്മക്ക് വീട് നൽകുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാവുമെന് വാർഡ് മെമ്പർ അറിയിച്ചു.വീട് നിർമ്മാണത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ പറഞ്ഞു.
Tags:
Local News
