Trending

ബെംഗളൂരുവില്‍ ഗോഡൗണില്‍ സൂക്ഷിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ മരിച്ചു


ബെംഗളൂരു: ചാമരാജ്പേട്ടിലുള്ള ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടെ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തുനിന്ന് പടക്കങ്ങൾ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണിലാണ് സ്ഫോടമുണ്ടായത്. 85 ഓളം പാഴ്സലുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്സലുകളാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇതിന്റെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗോഡൗണിൽ ഉണ്ടായിരുന്ന രണ്ടുപേരും തൊട്ടടുത്തുള്ള കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാസവസ്തുക്കൾ അടങ്ങിയ പെട്ടികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെട്ടികളാണ് പൊട്ടിത്തെറിച്ചത്. ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തിലെ ബെന്നാർഘട്ട റോഡിലുള്ള ദേവരചിക്കനഹള്ളിയിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ അമ്മയും മകളും മരിച്ചിരുന്നു. പുറത്തെത്താനാകാതെ വീടുകളിൽ കുടുങ്ങിപ്പോയ അഞ്ചുപേരെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുനിലയുള്ള പാർപ്പിടസമുച്ചയത്തിലെ മൂന്നാം നിലയിലെ വീട്ടിലാണ് തീപടർന്നത്. അടുത്തുള്ള നാലു വീടുകളിലേക്കും തീപടരുകയും അവിടുത്തെ സാധനങ്ങളെല്ലാം കത്തിനശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പൊട്ടിത്തെറി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post