Trending

കോണ്‍ഗ്രസില്‍ ഏകാധിപത്യം, പാർട്ടിയിൽ നിന്നും നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്’ ഇനിയുള്ള കാലം സിപിഎമ്മിൽ പ്രവർത്തിക്കും: കെ.പി അനിൽകുമാർ


ഇടത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഇനിയുള്ള കാലം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ.പി അനിൽകുമാർ.കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു സ്വീകരിച്ചത്.

കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു

അനില്‍കുമാറിന്റെ വാക്കുകൾ

”ദീര്‍ഘനാളായി ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴും 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴും പരാതി പറഞ്ഞില്ല. എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. നൂറും ശതമാനം പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. പലതും സഹിച്ച് പൊതുപ്രവര്‍ത്തനം നടത്തിയയാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്.

പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്.

പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്കും സുധാകരനും കൈമാറി. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്.”

T News

working in the field of advertising and printing

Post a Comment

Previous Post Next Post