താമരശ്ശേരി:പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ പൊറുതിമുട്ടി. നിരവധി വാർഡുകളിൽ ചേന, കപ്പ, ചേമ്പ് തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് കാട്ടുപന്നി ശല്യം മൂലം വ്യാപകായി കൃഷി നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് തുടർക്കഥയാകുന്നു. ഇവക്ക് പുറമെ വാഴ, തെങ്ങിൻ തൈ ,റബ്ബർതൈ തുടങ്ങിയ കൃഷികൾക്കും കാട്ടുപന്നികൾ ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പരപ്പൻ പൊയിൽ ഭാഗത്തെ വിളകൾ പന്നികൾ കൂട്ടത്തോടെ വന്നു നശിപ്പിച്ചു.വാപ്പനം പൊയിൽ, വെഴ്പൂർ, ചുങ്കം, എളോത്ത് കണ്ടി ഭാഗങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. പരപ്പൻ പൊയിലിൽ കൃഷി നശിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്ററും കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി.സെബാസ്റ്റ്യൻ, പി.സി.എ.റഹീം തുടങ്ങിയവരും സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് വനം വകുപ്പ് അധികൃതരുമായി പ്രശ്നം ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ കർഷകർക്ക് പന്നികളെ ഉപാധികളോടെ കൊല്ലാനുള്ള അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി .
