പിഎം കെയേഴ്‌സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന അധികാര കേന്ദ്രമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രസര്‍ക്കാരും ഡല്‍ഹി ഹൈക്കോടതിയില്‍. പിഎം കെയേഴ്‌സ് ഫണ്ടിന്റെ നിയമപരമായ പദവി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ വന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും ഇത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന പൊതുമേഖലയിലെ ഒരധികാരകേന്ദ്രമല്ല പിഎം കെയേഴ്‌സ്ഫണ്ട്. ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കോടതി സെപ്തംബര്‍ 27ലേക്ക് മാറ്റിവെച്ചു.
ഹര്‍ജി നല്കിയ അഭിഭാഷകനായ സംയാക് ഗംഗാവാള്‍ പിഎം കെയേഴ്‌സ് ഫണ്ട് വിവാരവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പിഎം കൈയേഴ്‌സ് ഫണ്ടിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വാദവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പിഎം കെയേഴ്‌സ് ഫണ്ടില്‍ സ്വരൂപിക്കപ്പെടുന്ന തുക സ്വമേധയാ സ്വകാര്യ വ്യക്തികള്‍ നല്കുന്ന സംഭാവനയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഒരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടേയും ഭാഗമായല്ല സംഭാവന നല്കപ്പെടുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ പട്ടികയില്‍ പിഎം കെയേഴ്‌സ് ഫണ്ട് ഉള്‍പ്പെടുന്നില്ല. അതുകൊണ്ട് തന്നെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിംങ്ങിന് വിധേയമാകേണ്ടതില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പിഎം കെയേഴ്‌സ്ഫണ്ട് ഉള്‍പ്പെടാത്തതിനാല്‍ ഹര്‍ജി തള്ളിക്കളയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പിഎം കെയേഴ്‌സ് ഫണ്ടിന്റെ കാലപരിധി നീട്ടുകയായിരുന്നു. അതേസമയം രാഷ്ട്രീയപാര്‍ട്ടികളും ആക്ടിവിസ്റ്റുകളും പിഎം കെയേഴ്‌സ് ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച് സംശയം നേരത്തേയും ഉയര്‍ത്തിയിരുന്നു.
Tags:
National News
