തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാ(48)ണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താൻ ജയിൽ ചാടിയതെന്നാണ് പ്രതിയുടെ മൊഴി.
ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിർ ഹുസൈൻ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങൽ.
സെപ്റ്റംബർ ഏഴിന് രാവിലെയാണ് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിർ ഹുസൈൻ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ടത്. അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പോലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണാശലയിൽ പോയ തക്കംനോക്കി ഇയാൾ ജയിൽ ചാടുകയായിരുന്നു.
കൈയിൽ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയിൽ തൈക്കാട് ആശുപത്രി ഭാഗത്തേക്കാണ് പോയത്. ഓട്ടോയിൽ കയറിയ ജാഹിർ ഹുസൈനെ ഇവിടെ ഇറക്കിയതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. ഇവിടെനിന്ന് ബസിലോ തീവണ്ടിയിലോ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽഫോൺ വിവരങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
Tags:
Crime News
