തിരുവനന്തപുരം: വിഎസ്എസ്സിയിലേക്ക് ഉപകരണങ്ങൾ കൊണ്ടുവന്ന കാർഗോ വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് റോക്കറ്റ് ലൗഞ്ചിങ് സ്റ്റേഷനിലേക്ക് വാഹനം എത്തിച്ചത്. രാവിലെ വാഹനം ഒരു കൂട്ടം പ്രദേശവാസികൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.ഉപകരണത്തിന്റെ കയ്യറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ പ്രദേശത്ത് സംഘടിച്ചത്. എന്നാൽ പൂർണമായും യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിനാൽ തൊഴിലാളികൾക്ക് കൂലി നല്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു.
പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. അധികൃതരും പൊലീസും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട് നടപടിയെടുക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു