പത്തനംതിട്ട: ആഡംബര ഹോട്ടലിൽ താമസിച്ച് വാടക കൊടുക്കാതെ കബളിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ കരയിൽ മനു ഭവനിൽ മനുമോഹൻ (29) ആണ് പിടിയിലായത്. കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗോവയിലെ കലാംഗട്ടെയിൽ നിന്നും യുവാവിനെ അറസ്റ്റ് ചെയ്തത്.
കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ മാസം 18 മുതൽ 2021 മാർച്ച് 9 വരെ കുടുംബസമേതം താമസിച്ച വകയിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കുവാനുണ്ടായിരുന്ന 3,17,000 രൂപ കൊടുക്കാതെ ഹോട്ടലിൽ നിന്നും മുങ്ങിയ പ്രതി ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചു വരവേയാണ് പ്രതി മനുവിനെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതി മനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും തിരുവല്ല സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുകൾ നിലനിൽക്കുന്നതായി പൊലീസ് കണ്ടെത്തി.
എറണാകുളത്തെ ഉജ്ജീവൻ ബാങ്കിൽ നിന്നും 5 ലക്ഷം രൂപയുടെ വായ്പ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞു മുനമ്പം സ്വദേശിയുടെ കൈയിൽ നിന്ന് പണം പറ്റുകയും പരാതിക്കാരന്റെ പരിചയക്കാരിൽ നിന്നും ലോൺ ശരിയാക്കുന്നതിനുള്ള പ്രോസസിംഗ് ഫീസ് ആയിട്ടും തുക കൈപ്പറ്റി മുങ്ങുകയായിരുന്നു. വഞ്ചനാ കേസാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലെ പരാതിക്കാരൻ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
Tags:
Crime News
