കൊട്ടാരക്കര: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തെന്നിമാറി പിക്കപ്പ് വാനിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തിരുവല്ല കോയിപ്രം പുല്ലാട്ട് സന്തോഷ് ഭവനിൽ നാരായണന്റെ മകൻ സുരേഷ് കുമാർ (43) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ എംസി റോഡിൽ കുളക്കട സ്കൂൾ ജംഗ്ഷനു സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് വൈക്കോൽ കയറ്റിവന്ന പിക്കപ് ലോറിയുടെ ടയർ കുളക്കടയിൽ വച്ച് പഞ്ചറായി.
വണ്ടി റോഡ് വശത്ത് നിർത്തിയിട്ടശേഷം ജാക്കിവച്ചുയർത്തി ടയർ മാറ്റിയിടാൻ ശ്രമിക്കുന്നതിനിടയിൽ ജാക്കി തെന്നിമാറി പിക്കപ് വാൻ വാഹനത്തിന്റെ അടിയിലായിരുന്ന സുരേഷ് കുമാറിന്റെ ശരീരത്തിലേക്ക് അമരുകയായിരുന്നു.
ഇതുവഴി പോയ യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പുത്തൂർ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനമുയർത്തിയെങ്കിലും സുരേഷ്കുമാർ മരിച്ച നിലയിലായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. പുത്തൂർ പോലീസ് കേസെടുത്തു.
Tags:
Obituary
