കോഴിക്കോട്: മോഷ്ടിച്ച സ്വർണാഭരണത്തിന് പകരം ഒൻപത് വർഷത്തിന് ശേഷം അതേ അളവിലുള്ള സ്വർണം തിരികെ നൽകി മനസാക്ഷിയുള്ള മോഷ്ടാവ്. അന്നത്തെ സ്വർണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താൽ ഒരു ലക്ഷം രൂപയോളം അധികമാണ് ഇപ്പോൾ.
ഒൻപതു വർഷം മുൻപ് വീട്ടിൽ നിന്നു കവർന്ന ഏഴേകാൽ പവൻ തിരികെ നൽകിയാണ് മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടിൽ നിന്ന് 9 വർഷം മുൻപാണ് അലമാരയിലിരുന്ന ഏഴേകാൽ പവൻ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാൽ വീട്ടുകാരും സംഭവം മറന്നു തുടങ്ങി.
ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പു മുറിയുടെ ജനലിൽ ഒരു കടലാസ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് സ്വർണ മാല കണ്ടത്. ഒപ്പം ഒരു കുറിപ്പും. ‘കുറച്ചു വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ വീട്ടിൽ നിന്നു ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങൾ സ്വീകരിച്ചു പൊരുത്തപ്പെടണം’.
നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടില്ലെന്നാണ് കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തിൽ അതേ അളവിൽ കോവിഡ് കാലത്ത് തിരികെ കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് വീട്ടുകാർ.
Tags:
Latest News
