തിരുവനന്തപുരം: മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നാർകോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി കണക്കുനിരത്തി മറുപടി പറഞ്ഞത്.
2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 4941 മയക്കുമരുന്ന് കേസുകളിൽ 5422 പേരാണ് പ്രതികളായുള്ളത്. ഇവരിൽ 2700 പേർ (49.8 ശതമാനം) ഹിന്ദു മതത്തിൽ പെട്ടവരാണ്. 1869 പേർ (34.47 ശതമാനം) ഇസ്ലാം മതത്തിൽ പെട്ടവരാണ്. 853 പേർ (15.73 ശതമാനം) ക്രിസ്തുമതത്തിൽ പെട്ടവരാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽ പെടുന്നവരാണെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതത്തിൽപെട്ട വിദ്യാർഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാൽ പ്രത്യേക മതത്തിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. ഇത് വിദ്വേഷത്തിന് വിത്തിടുന്നതാകും. സമൂഹത്തിന്‍റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.
തീവ്ര നിലപാടുകാർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രചാരണം നടത്തുന്നവരെയും പിന്തുണ നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം. സർക്കാർ നിർദാക്ഷിണ്യം ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കും. നോക്കിനിൽക്കുന്ന സമീപനം ഉണ്ടാവില്ല.
അനാരോഗ്യകരമായ പ്രതികരണത്തിന്‍റെ തെറ്റ് മനസിലാക്കി അതിന്‍റെ തുടർനടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് വേണ്ടത്. ഈ വിഷയത്തിൽ ചർച്ച നടത്താനോ പിന്തുണ നൽകാനോ അല്ല മന്ത്രി വാസവൻ പാല ബിഷപ്പിനെ കാണാൻ പോയത്. അക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സർവകക്ഷി യോഗം വിളിച്ചാൽ ഇപ്പോൾ എന്താണ് ഗുണം. ഓരോ കക്ഷികളും അവരവരുടെ തലങ്ങളിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക, ബന്ധപ്പെട്ട ആളുകളെ തെറ്റ് തിരുത്തിക്കാൻ പ്രേരിപ്പിക്കുക, മതനിരപേക്ഷ ചിന്താഗതിക്കാർക്ക് ഒരേ അഭിപ്രായമാണ് ഇക്കാര്യത്തിൽ ഉണ്ടാവുക. അത് നാട്ടിൽ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യാനുള്ളത്. സർവകക്ഷി യോഗം വിളിക്കേണ്ട ഒരു ഘട്ടം ഇപ്പോഴില്ല.
നിർഭാഗ്യകരമായ ഒരു പരാമർശവും അതേത്തുടർന്ന് നിർഭാഗ്യകരമായ ഒരു വിവാദവുമാണ് സംസ്ഥാനത്തുണ്ടായത്. വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്‍റെ പേരിൽ തള്ളേണ്ടതല്ല. അതിന്‍റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നാടിന്‍റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കും -മുഖ്യമന്ത്രി പറഞ്ഞു.
