Trending

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍


ഹൈദരാബാദ്: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നിൽ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു.

സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ രാജുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. എന്നാൽ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിന് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിക്കുമെന്ന് തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അർഹനാണെന്നും ഉടൻ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post