ശാസ്താംകോട്ട • ഭാര്യയെ കാണാതായതിനെ തുടർന്നു ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. കുന്നത്തൂർ കിഴക്ക് ഗുരു നിവാസിൽ അരുൺ ഡി.രാജ് (29) ആണ് ഗുജറാത്തിൽ മരിച്ചത്. ഭാര്യ ലിറ്റി രാജനു (21) വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്.പൊലീസ് പറയുന്നത്: സമീപവാസികളായ അരുണും ലിറ്റിയും 2019 ഓഗസ്റ്റ് 6നു വിവാഹിതരായി. തുടർന്ന് ലിറ്റി അരുണിനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ കുണ്ടറയിൽ നഴ്സിങ് പഠനവും തുടർന്നു. അരുൺ ഗുജറാത്തിൽ ടയർ കമ്പനിയിൽ ജിവനക്കാരനായിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞാണ് ഗുജറാത്തിൽ നിന്നു ലിറ്റി നാട്ടിലെത്തിയത്.
അരുണിന്റെ വീട്ടിൽ എത്തിയ ശേഷം കഴിഞ്ഞ ഓഗസ്റ്റ് 16നു കാണാതാവുകയായിരുന്നു. പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ കത്തും കണ്ടെത്തി. തുടർന്നാണ് അരുണിനെ ഗുജറാത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിൽ എത്തിച്ച മൃതദേഹം സംസ്കരിച്ചു. അരുണിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഇവർ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നു യുവതി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും ഫോൺകോളുകൾ പരിശോധിച്ച് സമീപ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Tags:
Missing
